Friday, June 1, 2012

താഴ്ച


കൂടെ വന്ന് ഏറ്റവും താഴ്ചയിലും
നിൽക്കുന്നവർ;

മുകളിലേക്കെത്താൻ
നിവൃത്തിയില്ലാതാവുമ്പോൾ
ഒപ്പം താഴുന്ന ചങ്ങാതി
താഴാനും ഒരിടം വേണമെന്നിരിക്കെ
നീ തന്നെയാണെന്റെ താഴ്ചയും.

നിഴൽ നശിച്ച ഇടമല്ലൊ താഴ്ച
കൂടെയുള്ളൊരാൾ
നിഴലുമാകുന്നപ്പോൾ.

ദൈവത്തേക്കാൾ
ഭയങ്കരമായി വിശ്വസിക്കാവുന്ന
ഒരിടവുമാണ് താഴ്ച.

Thursday, May 24, 2012

ഇഴ


മുറിവുകള്‍കൊണ്ടു തുന്നിക്കൂട്ടിയ
ശരീരമാണിപ്പോള്‍ എന്റേത്;
മുറിവുകളുടെ തന്നെ ശയ്യയും.

ജീവന്‍ നൂലിന്റെ പല ഇഴകളില്‍
ഒന്നായ് മാംസത്തില്‍ എവിടെയൊ
ഒളിഞ്ഞിരിക്കുന്നത്
അറ്റു വീഴാന്‍ ഒറ്റമാത്രയേയുള്ളൂ..

ഇപ്പോള്‍ അറ്റുവീണ നൂലിന്നിഴ
ഒരു ചുവപ്പുവസ്ത്രമായ് മാറുകയും
എന്റെ എന്റേതു മാത്രമായ
ലോകമായ് തീരുകയും ചെയ്തു..

Saturday, April 14, 2012

ദൂരം

തോര്‍ച്ച മാഗസിന്‍ മാര്‍ച്ച് ലക്കം

Sunday, March 25, 2012

മരുവിൽ നിന്നും

മരുഭൂമിയുടെ
വിത്തെടുത്ത് മുളപ്പിച്ച
മരങ്ങൾ നിറഞ്ഞ കാട്;
വെയിൽനിറമുള്ള തണൽ.

മരങ്ങളായ് മാറുന്ന മരുഭൂമിയെ
സ്വപ്നം കണ്ടിരുന്നില്ല;
തിരിച്ചാണ് കണ്ടിരുന്നത്...

കടലുപോലെ ആഴമുള്ളവർക്കുമേൽ
മരുഭൂമികളായ്
മാറിപ്പോകുന്നവരെ പ്രതിഷ്ഠിച്ചു
തുലനപ്പെടുത്തി...
കരഞ്ഞാൽ കടലെടുത്തോളും
ഇല്ലെങ്കിൽ മരുവെടുത്തോളും
രണ്ടുമല്ലാത്തൊരു ജീവിതത്തിൽ.

അവരിൽ നിന്നും
ഇലകൾ പറിച്ചെടുക്കുവാനുമില്ല;
എല്ലുകളിനിയെന്ത്
ഇലകൾ മുളക്കുവാൻ.

ശരീരം നിറയെ
വെയിൽനദിയുമായവർ പോകുന്നു..
ആരും ഇറങ്ങാത്ത
നദികളാണവരിനി;
തീ പിടിക്കുവാൻ
ആരും നദിയിലിറങ്ങില്ലല്ലൊ.
-----------------------------
മലയാളനാടിൽ പ്രസിദ്ധീകരിച്ചത്





Tuesday, January 31, 2012

പ്രൗഢമായ മുറിവുകൾ

ഏറ്റ മുറിവ്
പ്രൗമായതാണെങ്കിൽ
മനസ്സങ്ങിനെ 
ഉള്ളനങ്ങാതെ
ഒരു നിൽപ്പുണ്ട്.

ഉള്ള് നിത്യവും 
ആഴം കൂടിക്കൂടി
വരും.

എന്നാലും
ഒടിഞ്ഞു വീഴില്ല.

കാടിളകുമ്പോഴും
എന്തിളക്കമെന്ന്
ചോദിച്ച് 
മസ്തകമുയർത്തിയങ്ങിനെ
ചില മുറിവുകൾ.

Monday, December 19, 2011

അപ്പൊക്കാലിപ്റ്റൊ സിനിമ കാണരുത്

അപൊക്കാലിപ്റ്റോ എന്ന സിനിമയിൽ
ഒറ്റക്കുത്തിന് ഹൃദയം
പറിച്ചെടുക്കുന്ന കാഴ്ചയുണ്ട്.

ഇളംതൂവലുകളിൽ
ചോര പറ്റി അപ്പോൾ
തന്നെ പിറന്ന ഒരു
പക്ഷിക്കുഞ്ഞിനെപ്പോലെ
ഓമനത്തമുള്ള ഹൃദയം.

കൊഴുത്ത് കൊഴുത്ത്
വഴികളടഞ്ഞു തുടങ്ങിയതോ
വീർത്തു തുടങ്ങിയതോ ആയ
ധമനികളോടു കൂടിയ
ഹൃദയത്തിനു പകരം
ഇമ്മാതിരി തുടുത്തതൊന്ന്
പകരം വെക്കാമെന്നു്
തോന്നി കണ്ട മാത്രയിൽ.

(ലിംഗം വെട്ടിയെടുക്കുന്നത്
കാണിക്കുന്നില്ല; അല്ലെങ്കിൽ
അതും വെച്ചുപിടിപ്പിക്കാമോയെന്ന
ശരാശരിച്ചോദ്യം
വന്നേനെ നിന്നിൽ‍ നിന്നും)

ആത്മഹത്യചെയ്ത് ജീവിതം
കണ്ടെത്തുന്നവർ‍ ഈ സിനിമ
കാണരുതൊരിക്കലും;
വെച്ചുപിടിപ്പിക്കാവുന്ന
മിടിപ്പും ഉദ്ധാരണവും
ഓർമ്മയിൽ വന്നിട്ടെന്തു കാര്യം.

(തർജ്ജനിയിൽ പ്രസിദ്ധീകരിച്ചത്)

Tuesday, October 25, 2011

കടലൊച്ച

മാധ്യമം ആഴ്ച്ചപതിപ്പിൽ 
വന്ന ഒരു കവിത(ഒക്ടോബർ 24 -2011)